Timely news thodupuzha

logo

ബിബിസി ഡോക്യൂമെൻററി രണ്ടാം ഭാ​ഗം, സംപ്രേഷണം ഇന്ന്, ആദ്യഭാഗത്തിന്റെ പ്രദർശനം തടഞ്ഞ് ജെഎൻയു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യൂമെൻററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദി സർക്കാരിൻറെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമവും മുസ്ലീങ്ങൾക്കെതിരെ നടത്തിയ അക്രമാസക്തമായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ചതാണ് രണ്ടാം ഭാഗമെന്ന് ബിബിസി പറയുന്നു.

ഇന്ന് രാത്രി ഒൻപത് മണിക്ക് ഡോക്യുമെൻററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിക്കാനായിരുന്നു ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഡോക്യുമെൻററിയുടെ ആദ്യഭാഗം ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നത് തടഞ്ഞ് ജെഎൻയു സ‍ർവകലാശാല ഉത്തരവിറക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദർശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകി. ഡോക്യുമെൻററിക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാരിൻറെ കർശന നിരീക്ഷണത്തിലാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമ‍ർശങ്ങളുള്ള ഡോക്യുമെൻററി പ്രദർശിപ്പിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധം തീർക്കുമ്പോഴാണ് വിദ്യാർഥി യൂണിയൻ ഇത്തരത്തിലൊരു നീക്കവുമായി മുന്നിട്ടെത്തിയത്. ഇതിനെയാണ് സർവകലാശാല തടഞ്ഞത്. കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെൻററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു. ബിബിസി ഡോക്യുമെൻററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *