ധോണി: പി ടി ഏഴിനെ പിടികൂടിയതിന് പിന്നാലെ ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തിങ്കളാഴ്‌ച രാത്രിയോടെയാണ് കൊമ്പൻ അരിമണി ഭാഗത്ത് ഇറങ്ങിയത്. വാഴയും തെങ്ങും നെല്ലും നശിപ്പിച്ച കൊമ്പൻ മണിക്കൂറുകളോളം ജനവാസമേഖലയിൽ തുടർന്നു.
ധോണിയിൽ ക്യാമ്പ് ചെയ്യുന്ന ദ്രുതപ്രതികരണ സേന അരിമണിയിലെത്തി ആനയെ കാട്ടിലേക്ക് കയറ്റി. പി ടി ഏഴ് പിടിയിലായ അടുത്ത ദിവസം തന്നെ മറ്റൊരു കൊമ്പൻ ഇറങ്ങിയത് ധോണിയിലെ ജനങ്ങളെ ആശങ്കയിലാക്കി. പ്രദേശത്ത് ദ്രുതപ്രതികരണ സേന നിലയുറപ്പിച്ചിട്ടുണ്ട്. നാട്ടുകാർ ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റി. പി ടി ഏഴ് വരുന്ന അതേ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച കൊമ്പനെത്തിയത്.