തിരുവനന്തപുരം: കുഴിനഖം ചികിത്സിക്കുന്നതിനായി ഡോക്റ്ററെ വസതിയിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിയിൽ ചീഫ് സെക്രട്ടറിക്ക് അതൃപ്തി.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറി വി വേണു ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനോട് നിർദേശിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജനറൽ ആശുപത്രി സർജനിൽ നിന്നും ഡിഎംഒ യിൽ നിന്നും, കളക്ടറിൽ നിന്നും വിവരങ്ങൾ തേടി.
കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ ഡി.എം.ഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്റ്ററെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാൽ ആദ്യം ഡി.എം.ഒ ഇതിന് തയ്യാറായില്ല.
തുടർന്നും കളക്ടർ വിളിക്കുകയും അധികാരത്തോടെ സംസാരിക്കുകയും ചെയ്തെന്നുമാണ് പരാതി. തുടർന്നാണ് ഡി.എം.ഒ ജനറൽ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കളക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്ന് നിർദേശിച്ചു.
ഇതേതുടർന്ന് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിലെ ഒരു ഡോക്ടറെ ഒ.പിയിലെ പരിശോധന നിർത്തിവെപ്പിച്ച് കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു.
ഡോക്റ്റർ വീട്ടിലെത്തുമ്പോൾ കളക്ടർ മീറ്റിങ്ങിലായിരുന്നു. അര മണിക്കൂറോളം കാത്തു നിന്ന ശേഷമാണ് കളക്ടറെ കണ്ടത്. കാലിൽ കുഴിനഖത്തിന്റെ പ്രശ്നമുണ്ടെന്നും നീരുവന്നതിന് ചികിത്സ തേടിയാണ് വിളിച്ചതെന്നും അറിയിച്ചു.
തുടർന്ന് ചികിത്സ നൽകിയ ശേഷം ഡോക്റ്റർ മടങ്ങുകയായിരുന്നു. മൂന്നു മാസം മുമ്പും ജില്ലാ കലക്റ്റർ ജെറോമിക് ജോർജിന്റെ ഭാഗത്തു നിന്ന് സമാനമായ ദുരനുഭവം ഉണ്ടായതായി ഡോക്ടർമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കെ.ജി.എം.ഒ.എയുടെ പരാതി വാർത്തയായതിന് പിന്നാലെയാണ് ഉന്നത ഇടപെടൽ എത്തിയിരിക്കുന്നത്. എന്നാൽ സംഭവം വിവാദമായിട്ടും ഇതേവരെ കളക്ടർ പ്രതികരിച്ചിട്ടില്ല.






