തൃശൂർ: മറ്റത്തൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. മറ്റത്തൂർ മോനടിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിശാഖിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. മൂന്നുപേരാണ് ആക്രമണ സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
ഇന്നലെ രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. വീടിന്റെ ജനൽചില്ല് തകർത്ത സംഘം വിശാഖിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷാന്റോ കൈതാരത്തിന്റെ കൈക്ക് കുത്തേറ്റു.
ശനിയാഴ്ച മോനടി സെൻ്ററിൽ തൂക്കിയിരുന്ന സി.പി.എമ്മിന്റെ കൊടിതോരണങ്ങൾ കാണാതായിരുന്നു. ഇതിന്റെ പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപിച്ച് വിശാഖ് വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.