തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി. ബെവികോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി.
റ്റി.കെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. വിനോദ് കുമാർ വിരമിക്കുന്ന ഒഴിവിലേക്ക് യോഗേഷ് ഗുപ്തയുടെ തസ്തിക ഉയർത്തേണ്ടതായിരുന്നു. എന്നാല്‍, ബി.എസ്.എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിൻ അഗർവാള്‍ മടങ്ങിവരുന്നതിനാൽ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോള്‍ ഉണ്ടാകില്ല.
ബെവ്ക്കോ എം.ഡിയായ ഐ.ജി ഹർഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്.
ഗതാഗത കമ്മീഷണറെയും മാറ്റി. എ.ഡി.ജി.പി എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി.പുതിയ ഗതാഗത കമ്മീഷണറായി ഐ.ജി എ അക്ബറിനെ നിയമിച്ചു.
ഐ.ജി സി.എച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐ.ജിയായും അജീതാ ബീഗത്തെ തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയായും നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂർ റെയ്ഞ്ചിന്‍റെ ചുമതലയുമുണ്ടാകും. ഡി.ഐ.ജി ജയനാഥിനെ പൊലീസ് കണ്‍ട്രഷൻ കോർപ്പറേഷൻ എം.ഡിയായും നിയമിച്ചു.






