കൊച്ചി: ഞായറാഴ്ച രാത്രി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ ലോകപ്രശസ്ത സംഗീതജ്ഞൻ അലൻവോക്കറുടെ ഡിജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയി. വിലകൂടിയ മുപ്പതോളം സ്മാർട് ഫോണുകളാണ് നഷ്ടമായത്. ഫോൺ നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആസൂത്രിതമായി നടത്തിയ മോഷണമാകാനിടയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഗീതനിശയ്ക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്ത് കൊണ്ടുപോയതാകാം എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല. ആറായിരത്തോളം കാണികളാണ് കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്.
ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വലിയ സുരക്ഷയും ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തിയിരുന്നു. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു നോർവീജിയൻ സംഗീതജ്ഞൻ അലൻവാക്കർ.