കോട്ടയം: ആസാദി കാ അമൃതോത്സവിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ പാലാ അൽഫോൻസ കോളെജിലെ എൻ.സി.സി കേഡറ്റ് അനഘ രാജു രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു.
ഇന്ത്യയെ സ്ത്രീയോടുപമിച്ചു കൊണ്ട് ഇംഗ്ലീഷിൽ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് വ്യക്തമാക്കിയാണ് കവിത രചിച്ചിട്ടുള്ളത്.
ഇടുക്കി കുളമാവ് കല്ലുകാട്ട് കെ.ജി രാജുവിൻ്റെയും ലേഖയുടെയും മകളാണ് അനഘ. പാലാ അൽഫോൻസ കോളെജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർഥിനിയാണ്. ഏക സഹോദരി അഖില.