തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ടൂറുപോയതിൽ ജീവനക്കാരെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അവധിയെടുക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും കാനം പ്രതികരിച്ചു. താലൂക്ക് ഓഫീസിൽ എം.എൽ.എ എത്തിയതിലടക്കം സി.പി.ഐയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ കോന്നി താലൂക്ക് ഓഫീസിലെ കൂട്ട രാജി അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എമ്മിന്‍റെ നിലപാട്.
എം.എൽ.എ ചെയ്തതാണ് ശരിയെന്നു പറഞ്ഞ സി.പി.എം സി.പി.ഐയെയും എ.ഡി.എമ്മിനെയും വിമർശിച്ചു. എം.എൽ.എ തന്നെക്കാൾ വലുതാണെന്ന് എ.ഡി.എമ്മിന് അറിയില്ലായിരിക്കുമെന്നായിരുന്നു സി.പി.എം വിമർശനം. ഇത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പ്രതികരിച്ചു. ഇന്നലെയാണ് കോന്നി താലൂക്ക് ഓഫീസിലെ 39 ഓളം ജീവനക്കാർ അവധിയെടുത്ത് മൂന്നാറിലേക്ക് ടൂർ പോയത്.
ഇതിൽ 19 പേർ ലീവിന് അപേക്ഷ നൽകിയിരുന്നു. മറ്റുള്ളവർ അനധികൃതമായി അവധിയെടുത്തുമാണ് ടൂർ പോയത്. ജനങ്ങൾ പ്രതിഷേധിച്ചതോടെ താലൂക്ക് ഓഫീസിൽ എം.എൽ.എ നേരിട്ട് എത്തുകയായിരുന്നു. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പ്രതികരിച്ചു.
സർക്കാർ ജീവനക്കാർക്ക് നിശ്ചിത അവധി അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ കൂട്ട അവധി ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാനാവില്ല. അഞ്ച് ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശേഷം തുടർ നടപടികളെടുക്കുമെന്ന് മന്ത്രി അറിയിച്ചു.