തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടറിയറ്റിന് മുന്നിൽ സിപിഐ സംഘടനയായ ജോയിൻറ് കൗൺസിൽ നടത്തിയ സമരത്തിലും നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് കോടതി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. വഞ്ചിയൂരിലെ സംഭവം പ്രതിഷേധത്തിൻറെ ഭാഗമല്ല. ഇത്തരം സംഭവങ്ങൾ എല്ലാ ദിവസവും കാണുന്നു.
ഇതിനെ ചെറുതായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ‍്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് നേരത്തെ സിപിഎം നേതാക്കൾക്കെതിരേ കേസെടുത്തിരുന്നു.
എറണാകുളം കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയതിന് എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, എംഎൽഎ ടി.ജെ. വിനോദ് എന്നിവരോട് ഹാജരാകാനും നിർദേശിച്ചു.