കൊച്ചി: ലൈംഗികാതിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. ഹർജി ചൊവ്വാഴ്ച പരിഗണിക്കാമെന്നും സാധാരണക്കാർക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുവിടങ്ങളിൽ പരാമർശങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. സാധാരണക്കാർക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിനും നൽകാനാവില്ല.
അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമെന്താണെന്നും കോടതി ചോദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കാത്തതിനാൽ ചൊവ്വാഴ്ച വരെ ബോബി ചെമ്മണൂർ ജയിലിൽ തുടരണം. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.