Timely news thodupuzha

logo

വയനാട് പുനരധിവാസത്തിനായി 120 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മാനന്തവാടി: വയനാട് ഉരുൾപട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി 120 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേന്ദ്ര-സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളിൽ ഇളവ് നൽകിക്കൊണ്ടാണ് അനുമതി നൽകിയതെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയത്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സത്യവാങ്മൂലം നല്‍കി.

കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമല്ലാതെ തന്നെ വയനാട്ടില്‍ സര്‍ക്കാരിനു തുക ചെലവഴിക്കാം. എസ്ഡിആര്‍എഫിലെ കൂടുതല്‍ പണം ചെലവഴിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *