Timely news thodupuzha

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കാണാതായ 32 ആളുകളെ മരിച്ചതായി കണക്കാക്കും

വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ കാണാതായ 32 പേർ മരിച്ചതായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി സ്ഥിരീകരിച്ചു. സർക്കാർ ഉത്തരവിൻറെ അടിസ്ഥാനത്തിൽ വെള്ളരി മല വില്ലേജ് ഓഫിസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർ ചേർന്ന് തയ്യാറാക്കിയ ലിസ്റ്റാണ് ജില്ല ദുരന്ത നിവാരണ അഥോറിറ്റി അംഗീകരിച്ചത്. ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ – ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതിസംഘം വീണ്ടും പരിശോധിക്കും.

ഇവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാവും ഇവരെ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുക. ഈ ഉത്തരവിൻറെ അടിസ്ഥാനത്തിൽ ഇവരുടെ ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകി സർക്കാർ ആനുകൂല്യങ്ങൾ നൽകും. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം ആകെ 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്.

മരണപ്പെട്ട 266 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ദുരന്ത നിവാരണ അഥോറിറ്റി അംഗീകരിച്ചത്. ഇതോടെ ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. ഇവരുടെ മരണം രജിസ്റ്റർ ചെയ്ത് മരണസർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *