ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നീളുന്ന വോട്ടെടുപ്പിൽ 1.56 കോടി പേർ തലസ്ഥാനത്തിൻറെ വിധി കുറിക്കും.
70 അസംബ്ലി മണ്ഡലങ്ങളിലേക്കായി 699 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 13766 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ. 220 കമ്പനി അർധസൈനികരും 35,626 ഡൽഹി പൊലീസ് സേനാംഗങ്ങളും 19000 ഹോംഗാർഡുകളുമാണു തെരഞ്ഞെടുപ്പിൻറെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. എട്ടിനാണു വോട്ടെണ്ണൽ. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന എഎപിയും ഡൽഹി പിടിക്കാൻ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച ബിജെപിയും തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസും തമ്മിലാണു പ്രധാന മത്സരം.


2015ലും 2020ലും സമ്പൂർണമായി പരാജയപ്പെട്ട കോൺഗ്രസ് ഇത്തവണ സ്ഥിതി മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ്. അതേസമയം, കോൺഗ്രസ് പിടിക്കുന്ന വോട്ടുകൾ എഎപിക്കു തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.