പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പൊലീസ് അക്രമമുണ്ടായ സംഭവത്തിൽ എസ്ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി സ്പെഷൽ ബ്രാഞ്ചിൻറെ റിപ്പോർട്ട്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ്. ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. ബാറിനു മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയത്.
എന്നാൽ ആളുമാറി വിവാഹ സംഘത്തെ ആക്രമിക്കുകയായിരുന്നു എന്നാണ് സ്പെഷൽ ബ്രാഞ്ചിൻറെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാത്രി 11നുശേഷമായിരുന്നു സംഭവം.
അടൂരിൽ വിവാഹ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിൻറെ മർദനമേറ്റത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ബാറിനു മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തിയ പൊലീസ് പകരം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ വിശ്രമിക്കാൻ നിന്നവരെയാണ് മർദിച്ചത്.
പരുക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം കാര്യങ്ങൾ തീരുമാനിക്കുമെന്ന് ഉയർന്ന ഉദ്യോഗസ്ഥർ അടക്കം അറിയിച്ചു.