ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി. കേസിലെ പ്രതി ദിലീപ് മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും അത് തള്ളികൊണ്ട് സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്നായിരുന്നു കോടതി അറിയിച്ചത്.
വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതിയുടെ നിർദ്ദേശിക്കുകയും ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റിയ കോടതി പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാമെന്നും വ്യക്തമാക്കി.