തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് വിദ്യാർത്ഥികളെ ഇറക്കണമെന്ന ആവശ്യത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രംഗത്ത്. സ്‌കൂൾ കുട്ടികൾക്ക് മുകളിൽ സമ്മർദ്ദം ചെലുത്താൻ അനുവദിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ആരുടെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ മണ്ടൻ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടായാൽ അതിൻറെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന് ആയിരിക്കും.
ഒരു കാരണവശാലും വിദ്യാർത്ഥികളെ അനുവദിക്കില്ലെന്നും അത് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം ബിജെപി ഇടപെടൽ കൊണ്ടാണ് എസ്എസ്‌കെ ഫണ്ട് ലഭിക്കാത്തതെന്ന് ശിവൻകുട്ടി പറഞ്ഞു. എസ്‌ഐആർ ജോലികൾക്ക് വിദ്യാർത്ഥികളെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് കത്തയച്ചിരുന്നു.
എന്യൂമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാർത്ഥികളെ ആവശ്യപ്പെട്ടത്. ഈ മാസം 30 വരെ എൻസിസി, എൻഎസ്എസ് വളണ്ടിയർമാരെ വേണമെന്നായിരുന്നു ആവശ്യം. ഇതിനെതിരേയാണ് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.






