ഇടുക്കി: ഗവൺമെൻറ് മെഡിക്കൽ കോളേജിൽ വിദ്യാർഥികൾ ഇന്ന് പഠിപ്പു മുടക്കി. അവസാന വർഷ വിദ്യാർത്ഥികളാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയത്. ആദ്യവർഷം ഉന്നയിച്ച ആവശ്യങ്ങൾ പോലും പഠനം പൂർത്തിയാക്കേണ്ട അവസാന വർഷത്തിലും അധികൃതർ സാധ്യമാക്കിയിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
മറ്റ് മെഡിക്കൽ കോളേജിലെ കുട്ടികൾ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടി പഠനം പൂർത്തിയാക്കുമ്പോൾ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് അവസാന വർഷം ആവശ്യമായ പ്രധാനപ്പെട്ട പല ലാബുകളും, ഓപ്പറേഷൻ തിയേറ്ററുകൾ പോലും ലഭ്യമാക്കിയിട്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
മെഡിക്കൽ കോളേജ് അങ്കണത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാത്തതുമൂലം ദുരിതം അനുഭവിക്കുന്നതായും പല കുട്ടികൾക്കും വീണ് പരിക്കേറ്റതായും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. അതേസമയം രണ്ടാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് കോളേജ് അധികൃതർ പറഞ്ഞു എങ്കിലും വിശ്വാസ യോഗ്യമല്ലന്നും തുടർ സമരങ്ങൾ ഉണ്ടാകുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.






