ഇടുക്കി: കഞ്ഞിക്കുഴിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുടങ്ങി കിടക്കുന്ന കിടത്തി ചികിത്സ ഫെബ്രുവരി 15 മുതൽ പുനരാരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിടത്തി ചികിത്സ ഉടൻ പുനരാരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽകുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി തുറന്നു നൽകുന്നതിനുള്ള നടപടി ഫെബ്രുവരി 10ന് മുൻപായി സ്വീകരിക്കണം. കോട്ടയം ഡിഎഫ്ഒയെ ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ പാൽകുളമേട് വ്യൂ പോയിന്റ് തുറന്ന് നൽക്കാൻ തീരുമാനിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകൾ അഞ്ച് വർഷത്തേക്കായി ആസൂത്രണം ചെയ്ത പദ്ധതികളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ആറിന് വികസന സെമിനാർ നടക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജലക്ഷാമം തടയുന്നതിനായി ജില്ലയിലുള്ള കനാലുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇറിഗേഷൻ വകുപ്പ് റിപ്പോർട്ട് ലഭ്യമാക്കണം. സ്‌കൂളിലും പൊതുനിരത്തുകളിലും സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യപ്രദമായ ശൗചാലയങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് കളക്ടർ നിർദേശിച്ചു.
ജില്ലാ വികസന സമിതിയുടെ നിർദ്ദേശപ്രകാരം രാജാക്കാട് സെക്ഷൻ പരിധിയിലുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ മുകളിലൂടെയുള്ള അപകടകരമായ ഇലക്ട്രിക് ലൈൻ മാറ്റിയതായി കെ. എസ്. ഇ. ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 61 അംഗനവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.
അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്‌നസിന്റെ അപേക്ഷ മാർച്ച് 31ന് മുൻപായി സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
അൺഫിറ്റായി കണ്ടെത്തുന്ന എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂൾ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതല്ല എന്ന വിവരവും സ്‌കൂളുകളിൽ അറിയിച്ചിട്ടുണ്ട്.
സമ്പൂർണ്ണത അഭിയാൻ 2.0 അസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ഷീല സ്റ്റീഫൻ നിർവഹിച്ചു.
ഐടി മിഷൻ ‘നമ്മുടെ കേരളം’ ഏകീകൃത സേവന വിതരണ പ്ലാറ്റ്‌ഫോമിന്റെ സോഫ്റ്റ്വെയർ അവതരണവും ജില്ലയിലെ കുട്ടികൾക്കായുള്ള പ്രത്യേക ലഹരി വിമുക്ത ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചയും യോഗത്തിൽ നടന്നു.
വികസന സമിതി യോഗത്തിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.






