Timely news thodupuzha

ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോക്ടർ ലളിതാംബിക

ആലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക. ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്.

ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ. താൻ ആരിൽ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല. സിസ്റ്റത്തിൻറെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഡോ. ലളിതാംബിക പറഞ്ഞു. വണ്ടാനത്തെ സർജറിയിൽ നിന്നാണോ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് എന്ന് അറിയില്ല. പരിശോധന നടത്തിയാലേ അറിയൂ. ഇരുപതു വർഷം മുൻപ് നടന്ന സർജറിയിൽ കുടുങ്ങിയത് ആകാമെന്നും ഡോക്ടർ ലളിതാംബിക പറഞ്ഞു.

താൻ വിരമിക്കുന്നതിന് തൊട്ട് മുൻപുള്ള കാലയളവിലാണ് ഇതെന്നും അന്ന് യൂണിറ്റ് ചീഫ് എന്ന നിലയിൽ തൻറെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു. അക്കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് താൻ സജീവമായി ഇടപെട്ടിരുന്നത്. കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സയ്ക്കാണ് അന്ന് മുൻഗണന നൽകിയിരുന്നത്. അതേസമയം ഉഷയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്കിറ്റോയെന്ന ചെറിയ സാധനമാണെന്നും ലളിതാംബിക പറഞ്ഞു. എക്സറോയിൽ കാണുന്ന മാഗ്നിഫൈഡ് വ്യൂ ആണ്. എന്നാലും അത് പോകാൻ പാടില്ല. ഉപകരണങ്ങളുടെ എണ്ണം സാധാരണ ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും എണ്ണിത്തിട്ടപ്പെടുത്താൻ ആളുണ്ടാകും. സർക്കാർ ആശുപത്രികളിൽ ഇതിന് ആളില്ല. ഡോക്റ്ററും നഴ്സുമാണ് എണ്ണാറുള്ളത്. അതിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാമെന്നും ഡോ. ലളിതാംബിക പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *