ഇടുക്കി: മുഖ്യമന്ത്രി ജില്ലയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി മാറിയെന്നും എൽ.ഡി.എഫ് സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. ഇടുക്കിയിലെ പട്ടയ നടപടികൾ സംബന്ധിച്ചും സർക്കാരിന്റെ വീഴ്ചകൾ സംബന്ധിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 മുതൽ കോടതി വിലക്കേർപ്പെടുത്തിയ പട്ടയ നടപടികൾ പുനഃസ്ഥാപിക്കാൻ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരായത് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണെന്നും എം.പി കുറ്റപ്പെടുത്തി.
സർക്കാരിന്റെ കേസ് നടത്തിപ്പിലെ പരാജയത്തിൽ നിന്ന് മന്ത്രി റോഷി അഗസ്റ്റിന് ഒഴിഞ്ഞുമാറാനാകില്ല. സർക്കാർ അഭിഭാഷകർ കോടതി നടപടികൾ പോലും മറന്നുപോകുന്ന അവസ്ഥയാണുള്ളത്.
ഈ സർക്കാരിന്റെ കാലത്താണ് ജില്ലയിൽ ഏറ്റവും കൂടുതൽ വനം റിസർവ് പ്രഖ്യാപിക്കപ്പെട്ടത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് വെച്ച സ്ഥലം പോലും വനം റിസർവായി മാറുന്ന വിചിത്രമായ സാഹചര്യമാണ് നിലവിലുള്ളത്.
കേരള ബാങ്കിന്റെ ജപ്തി നടപടികളിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ജപ്തി നടപടികൾക്ക് പിന്നിൽ ഭൂമി വിൽപന പോലും നടക്കുന്നുണ്ടെന്നും, ഗത്യന്തരമില്ലാതെ ജനങ്ങൾ ഉദ്യോഗസ്ഥരെ നേരിടുന്ന സാഹചര്യമുണ്ടായാൽ കുറ്റം പറയാനാകില്ലെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.






