ഇടുക്കി: ജില്ലയിൽ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പെരിഞ്ചാംകുട്ടിയിൽ കെ.എസ്.ഇ.ബി. പദ്ധതി ഉപേക്ഷിച്ചപ്പോൾ മിച്ചം വന്ന 2000 ഏക്കറോളം ഭൂമിയമിൽ രാഷ്ട്രീയ പിൻബലത്തിൽ പലരും കയ്യേറിയതിൻറെ ബാക്കിയായി അവശേഷിച്ച ഭൂമിയിലാണ് പട്ടികവർഗ്ഗ കുടുംബങ്ങൾ കുടിൽ കെട്ടി താമസിച്ചിരുന്നത്.
അവരുടെ കുടിലുകളും കൃഷി ദേഹണ്ഡങ്ങളും വനംവകുപ്പ് 2012ൽ നശിപ്പിക്കുകയും ബലമായി കുടിയിറക്കുകയും ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച് ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് ജയിലിൽ നിന്നും പുറത്തുവന്നവർ 2012 ഒക്ടോബർ 1 മുതൽ ഇടുക്കി കളക്ട്രേറ്റിനു മുമ്പിൽ അനിശ്ചിത കാല സമരം ആരംഭിച്ചു.
വർഷങ്ങൾ നീണ്ട സമരത്തിനൊടുവിൽ ഇവരിൽ 158 കുടുംബങ്ങൾ ഭൂമിക്ക് അർഹരാണെന്നും അവർക്ക് ഒരേക്കർ വീതം ഭൂമി നൽകുമെന്നുമുള്ള ഉറപ്പിൻറെയും സർക്കാർ അതിനായി ഇറക്കിയ ഉത്തരവിൻറെയും അടിസ്ഥാനത്തിൽ 2018ൽ സമരം അവസാനിപ്പിച്ചു. എന്നാൽ ഈ ഉത്തരവ് ഇറങ്ങിയിട്ട് 2026 മാർച്ച് 8ന് എട്ടുവർഷം പൂർത്തിയാകുന്നു. ഭൂമി നൽകുന്നതിനെപ്പറ്റി സർക്കാർ സംവിധാനങ്ങൾ മിണ്ടുന്നില്ല.
ഏറ്റവും പാവപ്പെട്ടവരും സാമൂഹികമായി പിന്നൊക്കം നിൽക്കുന്നവരുമായ ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി അവരെ പൊതുസമൂഹത്തിൻറെ ഭാഗമാക്കാൻ ചുമതലപ്പെട്ടവരുടെ വീഴ്ചകൾ തിരുത്തി ഉടനടി ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരിഞ്ചാംകുട്ടി ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആൾ ഇൻഡ്യ കിസാൻ ഖേത് മസ്ദൂർ സംഘടനയുടെ പിന്തുണയോടെ വിജയം വരെ നീണ്ടുനിൽക്കുന്ന സമരത്തിനു മുന്നോടിയായി 2026 മാർച്ച് 7 ന് ചെറുതോണിയിൽ വഞ്ചനാദിനം ആചരിക്കുന്നു.
സമ്മേളനം ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മറ്റിയംഗം മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പെരിഞ്ചാംകുട്ടി ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതി നേതാക്കളായ പി.ആർ സതീശൻ, എലിസബത്ത് മാമൻ, ജോസ് ചാണ്ടി, എൻ.വിനോദ്കുമാർ, കർഷകസമര ഐക്യദാർഢ്യ സമിതി പ്രസിഡൻറ് റ്റി.ജെ. പീറ്റർ, ആൾ ഇൻഡ്യ കിസാൻ ഖേത് മസ്ദൂർ വൈസ്പ്രസിഡൻറ് എസ്.രാജീവൻ, ആദിവാസി ഫോറം സംസ്ഥാന പ്രസിഡൻറ് പി.എൻ.മോസസ്, ഇ.ജെ. ജോസഫ്, ജില്ലാ സെക്രട്ടറി എം.ബി.രാജശേഖരൻ, സി.എ. ഫെലിക്സ്, സിബി സി. മാത്യു, നിഷ ജിമ്മി തുടങ്ങിയവർ പ്രസംഗിക്കും.






