Timely news thodupuzha

ഐഷ പോറ്റിക്ക് നേരെ അസഭ്യവർഷം, സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഐഷാ പോറ്റിക്കുനേരെ സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയതായി പരാതി. സംഭവത്തിൽ കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. പ്രചാരണ പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചുകൊണ്ടായിരുന്നു അസഭ്യവർഷം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഐഷാ പോറ്റിയുടെ സ്വീകരണപര്യടനം കരീപ്ര ചൂരപ്പൊയ്കയിൽ എത്തിയതായിരുന്നു.

റോഡരികിൽ നിൽക്കുകയായിരുന്ന ഇരുവരും അയിഷാ പോറ്റിയുടെ വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. വഞ്ചന കാട്ടിയതല്ലേ എന്ന് ചോദിച്ചായിരുന്നു പ്രവർത്തകർ ഐഷാപോറ്റിക്കുനേരെ തിരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് എഴുകോൺ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ഇരുവർക്കുമെതിരേ ചുമത്തിയിട്ടുണ്ട്. സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം നടത്തിയാണ് ഐഷാ പോറ്റി പാർട്ടി വിട്ടത്.

സിപിഎമ്മിൽ തന്നെ ഒതുക്കിയതിൽ ധനമന്ത്രിയും കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാനാർഥിയുമായി കെ എൻ ബാലഗോപാലിന് നല്ല പങ്കുണ്ടെന്ന് ഐഷ പോറ്റി ആരോപിച്ചിരുന്നു. പൊതു ജനങ്ങളുമായി താൻ ബന്ധപ്പെടാൻ പാടില്ലെന്ന തരത്തിൽ തന്നെ ഒതുക്കിയതിൽ ക്ഷമ കെട്ടാണ് സിപിഎം വിട്ടത്. സിപിഎം മൂല്യങ്ങൾ നഷ്ടപ്പെട്ട അസ്ഥികൂടമായെന്നും ഐഷ പോറ്റി വിമർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *