ഇടുക്കി: പതിവ് തെറ്റിക്കാതെ ഇത്തവണവയും മലയാറ്റൂർ മല ചവിട്ടി റോഷി അഗസ്റ്റിൻ. നാൽപ്പതാം വർഷവും കാൽനടയായി തന്നെയാണ് റോഷിയും സംഘവും മലയാറ്റൂരിലേക്ക് പുറപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്ത് കത്തിക്കാളുന്ന വെയിലിനെ അവഗണിച്ചായിരുന്നു തീർത്ഥാടനം. വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ മല ചവിട്ടുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ അനുഗമിച്ചു. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് സഞ്ചരിച്ചത്. മീങ്കുന്നം പള്ളിയുടെ മുൻപിലായി കുറച്ചു നേരം വിശ്രമിച്ച ശേഷമാണ് ബാക്കി യാത്ര തുടർന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്ക് കാൽ നടയായി മലയാറ്റൂരിലേക്ക് തുടങ്ങിയ യാത്രയ്ക്ക് തിരഞ്ഞെടുപ്പ് കാലത്തു പോലും അവധി നൽകിയിട്ടില്ല.
1985 ൽ തുടങ്ങിയ യാത്ര കഴിഞ്ഞ മുടങ്ങിയത് കൊവിഡ് കാലത്ത് ഒരിക്കൽ മാത്രമാണ്. ഇക്കാലയളവിലെല്ലാം യാത്രയ്ക്ക് ഭംഗം വരുത്താതെ വഴി നടത്തിയത് വിശ്വാസ തീഷ്ണത ഒന്ന് മാത്രമാണെന്ന് റോഷി പറയുന്നു. വിശ്രമമില്ലാതെ പ്രവർത്തിക്കാനുള്ള ഊർജം ആണ് ഈ യാത്ര സമ്മാനിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മുമ്പ് പുതു ഞായറാഴ്ച ആയിരുന്ന മലയാറ്റൂർ യാത്ര, 1996 ൽ പേരാമ്പ്രയിൽ സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. ചക്കാമ്പുഴയിലെ തറവാട്ട് വീട്ടിൽനിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമാണ് യാത്ര തിരിക്കുന്നത്. അമ്മ ലീലാമ്മ കൊന്ത നൽകി അനുഗ്രഹിക്കും.
പാലാ ചക്കാമ്പുഴ ലൊരേത്ത്മാതാ പള്ളിയിൽ നിന്ന് മലയാറ്റൂർ മല കയറാൻ നടന്നു പോകുന്നത് പതിവ് ഉണ്ടായിരുന്നു. വികാരിയച്ചന്റെ നേതൃത്വത്തിലുള്ള കാൽനട യാത്രാസംഘത്തിൽ ചെറുപുഷ്പം മിഷൻലീഗിൽ അംഗമായാണ് യാത്രയുടെ തുടക്കം. പത്തും ഇരുപതും വർഷമായി നടക്കുന്നവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
‘ചിലർ എന്തെങ്കിലും നേർച്ചയുടെ ഭാഗം ആയിട്ടാണ് മല ചവിട്ടുന്നത്. എനിക്ക് അത്തരം നേർച്ചകൾ ഒന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ദൈവത്തിൽ മനസ്സ് അർപ്പിച്ച് പീഡാനുഭവ സ്മരണയിൽ യാത്ര തുടരുകയാണ്. ആറ് വർഷം മുൻപ് പെസഹ വ്യാഴാഴ്ചയ്ക്കു മുൻപായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമ്പോൾ ഒരു അപകടം നേരിട്ടെങ്കിലും ഒരു പോറൽ പോലും ഏൽക്കാതിരുന്നത് വിശ്വാസ തീക്ഷ്‌ണത ഒന്നു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കാനാണ് ഇഷ്‌ടമെന്നും റോഷി പറയുന്നു.






