Timely news thodupuzha

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കണ്ണൂർ ജില്ലയിലാണ് കാലാസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ വടക്കൻ തീരദേശ തമിഴ്‌നാടിന് മുകളിലായി നിലയുറപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട് തീരത്തെ ചക്രവാതച്ചുഴി കടന്നുപോകുന്ന ഒരു ന്യൂനമർദപാത്തി ഭൂമധ്യരേഖയ്ക്ക് വടക്ക് 11 ഡിഗ്രി അക്ഷാംശത്തിന് സമീപത്തായി രൂപപ്പെട്ടിരിക്കുന്നു. തെക്കൻ തീരദേശ ആന്ധ്ര പ്രദേശിനും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. അതിനാൽ വെള്ളിയാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 14 വരെ ശക്തമായ മഴയ്ക്കുമുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *