ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ആരംഭിച്ച പാർലമെൻറ് മാർച്ചിൽ വൻ സംഘർഷം. തിങ്കളാഴ്ച രാവിലെ നടന്ന മാർച്ചിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ ലാത്തിചാർജ് നടന്നു. പാർലമെൻറിലേക്ക് മാർച്ച് നടത്താൻ പൊലീസ് അനുമതി നൽകിയില്ലെങ്കിലും പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ജന്തർ മന്ദറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. എണ്ണായിരത്തോളം പേർ മാർച്ചിൽ പങ്കെടുക്കാൻ എത്തിയെന്നാണ് വിവരം.
സോനം വാങ്ചുക്കിൻറെ ഭാര്യ ഗീതാഞ്ജലി ആങ്മോ, നടൻ പ്രകാശ് രാജ്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായി, നടി ശബാന ആസ്മി തുടങ്ങിയവർ പിന്തുണമായി പ്രതിഷേധ വേദിയിൽ എത്തിയിരുന്നു. മാർച്ചിൻറെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ പ്രതിഷേധക്കാർ എത്തിച്ചേരാതിരിക്കാൻ സെൻട്രൽ ഡൽഹിയിലെ അഞ്ചു മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, ജൻപഥ്, സെൻട്രൽ സെക്രട്ടേറിയേറ്റ്, സേവാ തീർഥ് എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്. ഡൽഹി പൊലീസിനു പുറമെ ആർപിഎഫിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പാർലമെൻറ് സമ്മേളനം ആരംഭിക്കുന്നതിനാൽ മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പൊലീസിൻറെ വിലക്ക് ലംഘിച്ച് പ്രതിഷേധക്കാർ മുന്നോട്ടുപോയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. നിലവിൽ ഡൽഹിയിലൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.






