Timely news thodupuzha

ചോര വാർന്ന് കിടന്നത് നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ?; ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: പാലോട് സിഎച്ച്‌സിയിൽ മുറിവേറ്റ് വന്ന രോഗിയെ മൊബൈൽ വെട്ടത്തിൽ ചികിത്സിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഫെ‍യ്സ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിൻറെയും ആരോഗ്യ വകുപ്പിൻറെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്. ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും “കറൻറ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം” എന്ന് പറയുമായിരുന്നോ? എന്നാണ് ശോഭ സുരേന്ദ്രൻ ചോദിച്ചത്. കറൻറ് കട്ട് അരമണിക്കുറല്ലേ ഉള്ളൂ, അത് കഴിഞ്ഞ് സർജറി നടത്താമായിരുന്നല്ലോ എന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിനെതിരേയാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.

ഇത് വെറും അരമണിക്കൂറിൻറെ കാര്യമല്ല. സ്വന്തം ആശുപത്രികളിൽ വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്ത ഒരു ആരോഗ്യ സംവിധാനത്തിൻറെ യാഥാർഥ്യമാണ് ഇതെന്നും ശോഭ പ്രതികരിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പിൽ നിന്നും:-

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയോട് ഒരു ലളിതമായ ചോദ്യം.

ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും “കറൻറ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം” എന്ന് പറയുമായിരുന്നോ?

പാലോട് സി.എച്ച്.സി.യിൽ ഒരു രോഗിയുടെ മുറിവ് മൊബൈൽ ഫോണിൻറെ വെളിച്ചത്തിൽ ഡ്രസ് ചെയ്യേണ്ടി വന്നു. ഡോക്ടർമാർ പരാജയപ്പെട്ടതുകൊണ്ടല്ല, 2026 ലും ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനക്ഷമമായ ജനറേറ്റർ ഇല്ലാതിരുന്നതിനാലാണ്. എന്നാൽ ഈ ഗുരുതരമായ വീഴ്ച ഏറ്റുപറയുന്നതിനുപകരം, അസാധ്യമായ സാഹചര്യത്തിലും പരമാവധി ശ്രമിച്ച ഡോക്ടർമാരെയാണ് താങ്കൾ ചോദ്യം ചെയ്തത്.

ഇത് വെറും അരമണിക്കൂറിൻറെ കാര്യമല്ല. സ്വന്തം ആശുപത്രികളിൽ വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്ത ഒരു ആരോഗ്യ സംവിധാനത്തിൻറെ യാഥാർഥ്യമാണ് ഇത്.

ഇന്ന് സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യമായ ബാക്കപ്പ് വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, അടുത്ത അഞ്ച് വർഷം കേരളത്തിൻറെ ആരോഗ്യരംഗം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് താങ്കൾ പറയുന്നത്?

കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ മറുപടി വേണം. നമ്മുടെ ഡോക്ടർമാർ കൂടുതൽ പിന്തുണ അർഹിക്കുന്നു. നമ്മുടെ രോഗികൾ മാന്യമായ ചികിത്സ അർഹിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *