സിംഗപ്പൂർ: ഒന്നരക്കോടി രൂപ വില മതിക്കുന്ന വജ്രം സിംഗപ്പൂരിൽ നിന്ന് മോഷ്ടിച്ച് വായിൽ ഒളിപ്പിച്ച കേസിൽ ഇന്ത്യൻ യാത്രക്കാരന് രണ്ട് വർഷം തടവുശിക്ഷ. മാങ്ക്രോളിയ മനോജ് കുമാർ കുർജിഭായിയെയാണ്(41) രണ്ട് വർഷം രണ്ട് മാസം രണ്ട് ആഴ്ച്ച തടവ് അനുഭവിക്കാൻ ശിക്ഷിച്ചിരിക്കുന്നത്. കേസിലെ രണ്ടാമത്തെ പ്രതിയായ സെരാസിയ മിലൻ രാംനിക്ഭായിയുടെ(30) വിചാരണ വെള്ളിയാഴ്ച്ച പൂർത്തിയാകും. 2026 ജൂൺ 19നാണ് ഇരുവരും ഒരു സുഹൃത്തിൻ്റെ സഹായത്തോടെ സിംഗപ്പൂരിൽ എത്തിയത്. ചൈനാ ടൗണിലെ ഡയാനോച്ച് ജുവലറിയിലെ 154,000 ഡോളർ(1,48,00,000 രൂപ) വില വരുന്ന 4.95 കാരറ്റ് വജ്രം മോഷ്ടിക്കാൻ ഇരുവരും മുൻകൂട്ടി തീരുമാനിച്ചിരുന്നു.
ജ്വല്ലറിയിലെത്തിയ ശേഷം വജ്രത്തിൻറെ വില ചോദിക്കുന്നതിനിടെ മാങ്ക്രോളിയ മനഃപൂർവം സെയിൽസ് മാനേജറുടെ ശ്രദ്ധ തിരിച്ചു. അതിനിടെ മിലൻ തൻറെ കൈയിൽ സൂക്ഷിച്ചിരുന്ന വ്യാജ വജ്രം വച്ച് യഥാർത്ഥ വജ്രം മോഷ്ടിക്കുകയും അത് വായിലേക്കിടുകയും ചെയ്തു. വജ്രം പിന്നീട് വാങ്ങാമെന്നറിയിച്ച് ഇരുവരും കടയിൽ നിന്ന് രക്ഷപെടുകയും ചെയ്തു.
അതിന് ശേഷമാണ് സെയിൽസ് മാനേജർ യഥാർത്ഥ വജ്രം മോഷ്ടിക്കപ്പെട്ടതായി മനസിലാക്കിയത്. സിസിടിവി ക്യാമറയിൽ മോഷണത്തിൻറെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. ഹോട്ടലിലെത്തി ബാഗുമെടുക്ക് ഇന്ത്യയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ചാങ്കി വിമാനത്താവളത്തിൽ വച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ കൈയിൽ നിന്ന് യഥാർത്ഥ വജ്രം കണ്ടെടുക്കുകയും ചെയ്തു.






