Timely news thodupuzha

കെ.ആർ അജയൻ പ്രൊഫഷണലിസത്തിന് മുൻതൂക്കം നൽകുന്ന മാധ്യമപ്രവർത്തകൻ; എം സ്വരാജിന്റെ നടപടി അന്തസിന് നിരക്കാത്തത്; ജി ശക്തിധരൻ്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കൊച്ചി: കെ.ആർ അജയൻ ദേശാഭിമാനിയിൽ പ്രൊഫഷണലിസത്തിന് മുൻതൂക്കം നല്കുന്ന അപൂർവ്വം മാദ്ധ്യമപ്രവർത്തകരിൽ ഒരാളാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ജി ശക്തിധരൻ. എം സ്വരാജിന്റെ നടപടി സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റിലുള്ള ഒരംഗത്തിന്റെ അന്തസിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജി ശക്തിധരൻ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

ജി ശക്തിധരൻ്റെ ഫേസ് ബുക്ക് കുറിപ്പിൽ നിന്നും;

“പിണറായി കള്ളനാണോ എന്ന്
ദേശാഭിമാനിക്കോ സംശയം?

ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് അച്ചടി ഒരു ദിവസം വൈകിപ്പിക്കേണ്ടി വന്നതിന്റെ കാരണം സംബന്ധിച്ച് , റസിഡണ്ട് എഡിറ്റർ എം സ്വരാജ് മാധ്യമങ്ങൾക്ക് ഞായറാഴ്ച നല്കിയ വിശദീകരണം നിരുത്തരവാദപരവും മാധ്യമ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതുമാണ്. ഈ വിഷയത്തിൽ വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള എഡിറ്റർ കെ ആർ അജയനെ പ്രതിക്കൂട്ടിലാക്കി നോട്ടീസ് നല്കിയ വിവരം മറച്ചുപിടിച്ചാണ് റസിഡണ്ട് എഡിറ്റർ എം സ്വരാജ് കള്ളക്കഥ മെനഞ്ഞു പച്ചക്കള്ളം മാധ്യമങ്ങളോട് വിശദീകരിച്ചത്. അത്രയേ ഉള്ളൂ ഈ ബുദ്ധിജീവിയുടെ നിലവാരം .
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റിലുള്ള ഒരംഗത്തിന്റെ നിലവാരത്തിനോ അന്തസിനോ നിരക്കുന്നതല്ല അദ്ദേഹത്തിന്റെ നടപടി. ഇത് പോലുള്ളവരെ പാർട്ടിയിൽ താക്കോൽ സ്ഥാനങ്ങളിൽ തിരുകികയറ്റുന്നതിന്റെ ഭവിഷ്യത്ത് നിസ്സാരമായിരിക്കില്ല. ഞാൻ മനസിലാക്കിയിടത്തോളം, പാർട്ടി തത്ത്വങ്ങൾക്ക് നിരക്കാത്ത ദുഷ്ചെയ്തികൾ നിരന്തരം കാട്ടിക്കൂട്ടി ചില നേതാക്കളുടെ കൈക്കോടാലിയായി പ്രവർത്തിക്കുന്നതിൽ അഗ്രഗണ്യനാണ് എം സ്വരാജ്. കേൾവിക്കാരെ മയക്കുന്ന വാചാടോപത്തിന്റെ മാലപ്പടക്കം പൊട്ടിക്കലല്ലാതെ അകക്കാമ്പുള്ള ധൈഷണിക സംവാദ വേദികളിൽ ഒന്നും ഈ നേതാവ് ഒരു സംഭാവനയും ചെയ്ത് കണ്ടിട്ടില്ല. ജന്മനാട്ടിലെ പഞ്ചായത്ത് വാർഡിൽ മുഖ്യമന്ത്രി വന്ന് പലവട്ടം പ്രസംഗിച്ചിട്ടും ഈ സഖാവിന് വോട്ട് കിട്ടിയില്ല എന്നതും കാണാതിരിക്കാനാവില്ല. തിരുത്തലുകൾക്ക് അതീതരായി മുകളിൽ നിന്ന് കെട്ടിയിറക്കുന്നവരാണ് ഇത്തരക്കാർ. ഇതുപോലുള്ളവരാണ് ഇനിയും സമ്പൂർണ്ണ തിരുത്തലുകൾക്ക് ശേഷം പാർട്ടിയുടെ തലപ്പത്ത് കയറി വരുന്നതെങ്കിൽ ഇതിന് ഇനി അധികം ആയുസ് ഉണ്ടാകില്ല എന്നത് പറയാതിരിക്കാനാകില്ല.
എന്റെ പരിചയത്തിലും അറിവിലും കെ ആർ അജയൻ ദേശാഭിമാനിയിൽ പ്രൊഫഷണലിസത്തിന് മുൻതൂക്കം നല്കുന്ന അപൂർവ്വം മാദ്ധ്യമപ്രവർത്തകരിൽ ഒരാളാണ്. സഞ്ചാരസാഹിത്യ പ്രിയനായ അപൂർവ്വം മലയാള പത്രപ്രവർത്തകരിൽ ഒരാളാണ്. ഒട്ടേറെ രചനകൾ അദ്ദേഹത്തിന്റെ ഈടുവെപ്പായുണ്ട്. ഞായറാഴ്ച പതിപ്പും സ്പഷലുകളും അണിയിച്ചൊരുക്കുന്നതിൽ കെ ആർ അജയന്റെ ക്രാഫ്റ്റും വൈഭവവും അസൂയാർഹമാണ്. ദേശാഭിമാനിക്ക് ഉണ്ടായ അപചയം ഒരുവേള കെ ആർ അജയനിലും കരിനിഴൽ വീഴ്ത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല.
എന്റെ ജൂനിയറായ സഹപ്രവർത്തകൻ ആയിരുന്നെങ്കിലും എനിക്ക് പലതും അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിഞ്ഞി ട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിനെ എൽപ്പിച്ച ജോലിയിൽ അലസത കണ്ട് ഡിടിപ്പി മുറിയിൽ കയറി വളരെ ക്ഷോഭിച്ചു ഞാൻ സംസാരിച്ചിരുന്നു. അടുത്ത ദിവസം ജോലിക്കെത്തിയ യപ്പോൾ എന്റെ മുറിയിൽ വന്ന് വളരെ സൌഹൃദപരമായി എന്നോട് പറഞ്ഞത് “ ഞാനും സഖാവിനോട് അതേ ക്ഷോഭത്തോടെ സംസാരിച്ചിരുന്നെങ്കിൽ അപ്പോൾ അവിടെ എന്ത് സംഭവിക്കുമായിരുന്നു ” എന്നാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഗുണ പാഠം എനിക്ക് മറക്കാനാകുന്നില്ല. അതാണ് അജയൻ . പക്ഷെ അജയന് ഇപ്പോൾ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ പാർട്ടിക്ക് തിരുത്താം.തിരുത്തണം.
കെ മോഹനൻ റസിഡന്റ് എഡിറ്റർ ആയിരുന്ന ദേശാഭിമാനിയും എം സ്വരാജ് ആ പദവിയിൽ എത്തിയപ്പോൾ ഉള്ള ദേശാഭിമാനിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. മാധ്യമപ്രവർത്തകന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒന്നും കെ മോഹനനിൽ നിന്ന് ഭയക്കേണ്ടതില്ലാ യിരുന്നു. നിരത്തി വെക്കാൻ എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്.ഇവിടെ എഴുതിയാൽ നീണ്ട് പോകും.
കെ ആർ അജയൻ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് വിഷയം വക്രീകരിച്ചിരിക്കുന്നത് . പിണറായി വിജയനെ “കള്ളൻ” എന്ന് കാണുന്ന ഏത് പാർട്ടി പ്രവർത്തകനാണ് കേരളത്തിൽ ജീവിക്കുന്നത്? ദേശാഭിമാനിയിൽ ഏതെങ്കിലും ലേഖനത്തിൽ കള്ളൻ എന്ന് അടിച്ചാൽ അത് പിണറായി വിജയൻ ആകുമോ? എന്ത് അസംബന്ധമാണത്.
സ കെ ആർ ഗൌരിയമ്മ പാർട്ടിയിൽ നിന്ന് അകലുന്ന പശ്ചാത്തലത്തിൽ അവരുടെ അഴിമതികളെയും അപഥസഞ്ചാരത്തെയും സംബന്ധിച്ച് ഒരു പരമ്പര ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എന്നെ ചുമതലപ്പെടുത്തിയിരുന്നു. അതിനാവശ്യമായ രേഖകളും എന്നെ ഏൽപ്പിച്ചിരുന്നു. അത് പ്രസിദ്ധീകരിച്ചു തുടങ്ങുന്നതിന് മുമ്പ് ഇ എം എസ്, നായനാർ,പി കരുണാകരൻ, കെ മോഹനൻ തുടങ്ങിയവർ പങ്കെടുത്ത യോഗം എകെജി സെണ്ടറിൽ ചേർന്നു. എന്നു മുതൽ പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങണം, എന്ന ചർച്ചയിൽ മാറ്റർ റെഡിയാണെന്ന് ഞാൻ അറിയിച്ചു. പക്ഷെ പരമ്പരയിൽ എന്റെ പേർ വെക്കരുതെന്ന നിലപാട് ഞാൻ എടുത്തപ്പോൾ തർക്കമായി. ഇ എം എസ് അതിന്റെ കാരണം ചോദിച്ചപ്പോൾ ഞാൻ മറുപടി കൊടുത്തു. എനിക്ക് ലഭിച്ച രേഖകളിൽ ചിത്രത്തിന്റെ ഒരുവശം മാത്രമാണ് ഉള്ളതെന്നും പൂർണചിത്രം അവതരിപ്പിച്ചാൽ പാർട്ടിയെ അത് സഹായിക്കില്ലെന്നും പറഞ്ഞപ്പോൾ എല്ലാവർക്കും കാര്യം ബോധ്യമായി. ഈ പഠനത്തിൽ എന്റെ പേർ ഒഴിവാക്കണമെന്നും ഞാൻ അഭ്യർഥിച്ചു.
സ : കെ മോഹനൻ ആ സന്ദർഭത്തിൽ എന്നോട് ശക്തിയായി യോജിച്ചു. പക്ഷെ കുശാഗ്രബുദ്ധിയായ ഇ എം എസ് ഇതേ പരമ്പരയ്ക്ക് സ്വന്തം പേരിൽ ഒരു തകർപ്പൻ ആമുഖം എഴുതി അത് പുസ്തകമാക്കി. ഒരു വേള ഇന്ന് എം സ്വരാജിന്റെ കീഴിലാണ് ഞാൻ പ്രവർത്തിച്ചിരുന്നെങ്കിൽ ഈ സ്വാതന്ത്ര്യം എനിക്ക് ലഭിക്കണമെന്നില്ല. ശരിയെന്ന് തോന്നുന്നത്, ബോധ്യമുള്ളത് അതേപടി എഴുതാൻ 30 വർഷം എനിക്ക് സ്വാതന്ത്ര്യം തന്ന പത്രമാണ് ദേശാഭിമാനി. ഞാൻ സ്വപ്നം കാണുന്ന ഒരു വർഗത്തിന്റെ മോചനമായിരുന്നു എന്റെ ലക്ഷ്യം. അത് അനുവദിച്ചു തന്നത് കൊണ്ടാണ് ഞാൻ തുടർന്നതും. പിണറായിയുടെ അധിനിവേശം ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയപ്പോൾ ഗുഡ് ബൈ പറഞ്ഞു . എന്തേ ഒരു അപ്പുക്കുട്ടൻ വള്ളിക്കുന്നിനെയോ ഒരു ജി ശക്തിധരനെയോ സൃഷ്ടിക്കാൻ കഴിഞ്ഞില്ല?

Leave a Comment

Your email address will not be published. Required fields are marked *