ഇടുക്കി: കട്ടപ്പന സബ് ഡിവിഷന്റെ പുതിയ ഡി.വൈ.എസ്.പിയായി റെജി എം. കുന്നിപ്പറമ്പിൽ ചുമതലയേറ്റു. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.സംസ്ഥാന പോലീസ് വകുപ്പിലെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് പുതിയ നിയമനം. 2025-ൽ സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ, 2023-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള റെജി എം കുന്നിപ്പറമ്പിൽ ജില്ലയിലെ ക്രമസമാധാന പാലനത്തിൽ മുൻപും നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്.

ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ കുമളിയിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച റെജി പിന്നീട് കട്ടപ്പന, മൂന്നാർ, നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടറായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. കട്ടപ്പനയിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന കാലയളവിലെ അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. മുൻപ് എസ്.ഐ ആയും സി.ഐ ആയും ജോലി ചെയ്ത അതേ മേഖലയിലേക്ക് സബ് ഡിവിഷൻ തലവനായാണ് അദ്ദേഹം തിരിച്ചെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.കുറ്റാന്വേഷണ രംഗത്തെ മികവിന് പേരുകേട്ട ഉദ്യോഗസ്ഥനായ അദ്ദേഹം, സംസ്ഥാനത്തെ ഞെട്ടിച്ച പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ചിൽ സേവനമനുഷ്ഠിക്കവെ താനൂർ കസ്റ്റഡി മരണക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകി.
കൂടാതെ ഇടുക്കിയിൽ ചൈൽഡ് ലൈൻ കൗൺസിലർ വ്യാജ പീഡന പരാതി ചമച്ച് അധ്യാപികയെ കുടുക്കാൻ ശ്രമിച്ച കേസ് തെളിയിച്ചതും റെജി.എം കുന്നിപ്പറമ്പൻ്റെ അന്വേഷണ മികവിന് ഉദാഹരണമാണ്. കോട്ടയം ജില്ലയിൽ വിജിലൻസ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ഹൈറേഞ്ച് മേഖലയെക്കുറിച്ച് കൃത്യമായ ധാരണയും ദീർഘകാലത്തെ പ്രവർത്തന പരിചയവുമുള്ള ഒരു ഉദ്യോഗസ്ഥൻ ഡിവൈഎസ്പിയായി എത്തുന്നത് ഈ മേഖലയിലെ പോലീസിങ്ങിന് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






