Timely news thodupuzha

ബസിനുള്ളിൽ പെൺകുട്ടി തലകറങ്ങി വീണു; രക്ഷകരായി കെ.എസ്.ആർ.ടി.സി കണ്ടക്ടറും ഡ്രൈവറും

മൂലമറ്റം: ബസിൽ യാത്ര ചെയ്യവേ പെട്ടെന്ന് തലകറങ്ങി വീണ പതിനേഴുകാരിക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയയോചിതമായ ഇടപെടലാണ് പെൺകുട്ടിക്ക് രക്ഷയായത്. മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പിതാവും പതിനേഴുകാരിയായ പെൺകുട്ടിയും പൂച്ചപ്രയിലുള്ള വീട്ടിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു.

ബസ് പുറപ്പെട്ടയുടൻ കുട്ടി തലകറങ്ങി താഴെ വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ കെ.കെ ഗിരീഷും കണ്ടക്ടർ പി.എസ് അനീഷ് കുമാറും ചേർന്ന് മറ്റ് സ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റാതെ ബസ് അതിവേഗം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ബസ് ആശുപത്രി മുറ്റത്തേക്ക് കയറുന്നത് കണ്ട് നഴ്സുമാർ അടക്കമുള്ള ആശുപത്രി ജീവനക്കാരും ഉടനടി ഓടിയെത്തി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് ജീവനക്കാർ മടങ്ങിയത്.

സംഭവസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരും ബസ് ജീവനക്കാരും ഒരുപോലെ സഹകരിച്ചതുകൊണ്ടാണ് കുട്ടിയെ സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. കുട്ടി സുഖം പ്രാപിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *