കരിമണ്ണൂർ: തൊടുപുഴയുടെ ഹൃദയഭൂമിയായ കരിമണ്ണൂരിൽ ഇത്തവണ ഓണാഘോഷം അല്പം നേരത്തെ എത്തി. കരിമണ്ണൂർ FHCക്ക് സമീപം, സെൻ്റ് ജോസഫ്സ് ഹൈസ്കൂളിന് മുൻപിലായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന ‘ജലവിസ്മയം’ കാണാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ ഒഴുകിയെത്തുകയാണ്.കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ പുതിയൊരു ‘വാട്ടർ തീം അമ്യൂസ്മെൻ്റ് പാർക്ക്’ തുടങ്ങുന്നതിൻ്റെ ഭാഗമായുള്ള ട്രയൽ റൺ ആണ് ഇതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
സ്കൂൾ കുട്ടികൾക്കും രോഗികൾക്കും ഒരുപോലെ സൗജന്യമായി ജലക്രീഡകളിൽ ഏർപ്പെടാനുള്ള സുവർണ്ണാവസരമാണ് അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.പ്രത്യേക ഓണസമ്മാനം!ഈ വികസന വിസ്മയത്തിൻ്റെ ഫോട്ടോയും വീഡിയോയും എടുത്ത് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും റീലുകളായി പോസ്റ്റ് ചെയ്യുന്ന മിടുക്കരായ നാട്ടുകാർക്ക് ഗ്രാമപഞ്ചായത്തിൻ്റെ വകയായി ബമ്പർ ഓണസമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ടത്രേ!റോഡരികിൽ നിറഞ്ഞൊഴുകുന്ന ശുദ്ധജലവും, അതിലൂടെ തെറിക്കുന്ന വെള്ളവും, പാതയോരങ്ങളിൽ തഴച്ചുവളർന്ന് നിൽക്കുന്ന ‘ഹരിതാഭയും’ കണ്ട് നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിയെയും ബഹുമാനപ്പെട്ട എംഎൽഎയെയും എങ്ങനെ അഭിനന്ദിക്കണം എന്നറിയാതെ കുഴങ്ങുകയാണ്.
യാത്രക്കാരുടെ ദേഹത്ത് സൗജന്യമായി വെള്ളം സ്പ്രേ ചെയ്യുന്ന അത്യാധുനിക സൗകര്യം കൂടി നിലവിലുള്ളതിനാൽ, ഈ ഓണക്കാലത്ത് കരിമണ്ണൂരിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് വേറെ വാട്ടർ പാർക്കുകൾ തേടി പോകേണ്ടി വരില്ലെന്ന് ഉറപ്പാണ്. പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും വഴിയാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിച്ചിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതരുടെ നിലപാടിൽ വലിയ പ്രതിഷേധവും പരിഹാസവുമാണ് ഉയർന്ന് വരുന്നത്.






