തിരുവനന്തപുരം: പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് തിരുവോണം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. മാത്രമല്ല വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂന മർദം തുടരുന്നുണ്ട്. അതു കൊണ്ടു തന്നെ ഓഗസ്റ്റ് 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 23ന് (ഞായറാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് തിരുവോണം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത






