Timely news thodupuzha

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ച്ചിങ്കിൽ മന്ത്രിമാർ രാജിവയ്ക്കുമെന്ന് ടിവികെയ്ക്ക് കോൺഗ്രസിൻറെ മുന്നറിയിപ്പ്

ചെന്നൈ: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണയ്ക്കാൻ തമിഴക വെട്രി കഴകം (ടിവികെ) തയ്യാറായില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് തമിഴ്നാട് കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2029ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണമെന്ന നിലപാടിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന ഏക പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്നും രാജേഷ് കുമാർ വ്യക്തമാക്കി. ടിവികെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടെയാണ് കോൺഗ്രസിൻറെ മുന്നറിയിപ്പ്. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. 108 സീറ്റുകളാണ് ടിവികെ നേടിയത്. എന്നാൽ കേവലഭൂരിപക്ഷം തികയാത്തതിനാൽ വികെസി, ഐയുഎംഎൽ, കോൺഗ്രസ്, സിപിഐ, സിപിഎം എന്നിവയുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള നീക്കത്തിലാണ് ടിവികെ. തമിഴ്നാടിന് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളും വിജയ്‌യെ പ്രതീക്ഷയോടെ കാണുന്നുണ്ടെന്നും ഇന്ത്യയെ മുഴുവൻ നയിക്കാനുള്ള ശക്തി അദ്ദേഹത്തിനുണ്ടെന്നും മുതിർന്ന ടിവികെ നേതാവ് കെ.എ. സെങ്കോട്ടയ്യൻ പറഞ്ഞിരുന്നു. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ്നാടിനെയും ഭാവിയിലെ ഇന്ത്യയെയും നയിക്കാൻ കഴിയുന്ന ശക്തിയാണ് വിജയ്‌യെന്നും സെങ്കോട്ടയ്യൻ വ്യക്തമാക്കിയിരുന്നു. അതേസമയം ടിവികെയുടെ ഈ നീക്കത്തിനെതിരേ തമിഴ്നാട് കോൺഗ്രസ് നേതാക്കൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ടിവികെ നേതാക്കൾ ഇപ്പോഴും ‘ഫാൻ ക്ലബ്’ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ബി. മണികം ടാഗോർ പരിഹസിച്ചു. “ടിവികെ നേതാക്കൾ ഇപ്പോഴും ഫാൻ ക്ലബ് രീതിയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഫാൻ ക്ലബ് രീതിയിൽ പ്രവർത്തിക്കുന്നവരെ നിശബ്ദരാക്കാൻ കഴിയില്ല”- മണികം ടാഗോർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *