ബിഷ്‌കെക്: ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ) ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻറെ തലസ്ഥാനമായ ബിഷ്‌കെകിലാണ് കൂടിക്കാഴ്ച നടന്നത്. 2026 ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും സംസാരിച്ചതിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി ചർച്ചയായിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മസൂദും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ വിവരം ഇന്ത്യയിലെ ഇറാൻ എംബസി സ്ഥിരീകരിച്ചു. അമെരിക്കൻ ആക്രമണത്തിനെതിരേ പിന്തുണ തേടിയാണ് മസൂദ് പെസഷ്‌കിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിന്യാനുമായും മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സാമ്പത്തികം, ശാസ്ത്ര-സാങ്കേതികവിദ്യ, സാംസ്കാരികം, വിദ്യാഭ്യാസം, ഫാർമ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷം അടക്കമുള്ള വിവിധ ലോക വിഷയങ്ങളും ചർച്ചയായി. റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.
ഇറാൻ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി






