തിരുവനന്തപുരം: സ്പീക്കറെ പരിഹാസപാത്രമാക്കാനുളള കുടുംബ അജൻഡയുടെ ഭാഗമാണിതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എത്ര വലിയ പിആർ വർക്ക് നടത്തിയിട്ടും മരുമകൻ സ്പീക്കറോടൊപ്പം എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസപാത്രമാക്കി, പ്രതിപക്ഷത്തിൻറെ ശത്രുവാക്കി മാറ്റാനുള്ള ശ്രമം.
നിയമസഭാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജൻഡയാണ് സഭയിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദൗർഭാഗ്യകരമായ സംഭവങ്ങളാണു കേരള നിയമസഭയുടെ അകത്തും, സ്പീക്കറുടെ ഓഫീസിനു മുന്നിലും നടന്നത്. തുടർച്ചയായി നിസാരമായ കാരണങ്ങൾ പറഞ്ഞുകൊണ്ട്, പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നിഷേധിക്കുന്നു. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിലും റൂൾ15 നോട്ടിസ് അനുവദിക്കുന്നില്ല. പരിഹാസപാത്രമായി മാറുന്നതു സ്പീക്കറാണ്.