ന്യൂഡൽഹി: വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലാണു ഭൂകമ്പനത്തിൻറെ പ്രഭവകേന്ദ്രമെങ്കിലും നോർത്തിന്ത്യ ഒട്ടാകെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണു റിപ്പോർട്ടുകൾ. കാബൂളിൽ നിന്നും മുന്നൂറു കിലോമീറ്റർ വടക്കുഭാഗത്തായി താജിക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് 6.6 തീവ്രതയുള്ള ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ സർവെ(യു.എസ്.ജി.എസ് ) അറിയിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വളരെയധികം ആഴത്തിലാണു ഭൂകമ്പത്തിൻറെ ഉത്ഭവസ്ഥാനം.
ഉത്ഭവസ്ഥാനം ആഴത്തിലായതു കൊണ്ടു തന്നെ ഭൂചലനം കൂടുതൽ ദൂരങ്ങളിൽ വരെ അനുഭവപ്പെടുമെന്നു യുഎസ്ജിഎസ് വ്യക്തമാക്കുന്നു. അതുകൊണ്ടാണു ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലൊക്കെ സെക്കൻഡുകൾ നീണ്ടു നിന്ന പ്രകമ്പനം ഉണ്ടായത്.






