കോട്ടയം: പഴയിടം ഇരട്ടക്കൊല കേസ് പ്രതി അരുൺ ശശിയെ (39) വധശിക്ഷക്ക് വിധിച്ചു. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കേടതി നേരത്തെ കണ്ടെത്തിയിരുന്നു. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് നീരിക്ഷിച്ച കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ജഡ്ജി ജെ നാസറാണ് വിധി പറഞ്ഞത്.
2013 ഓഗസ്റ്റ് 28 ന് മണിമല പഴയിടത്തു ദമ്പദികളായ റിട്ട പൊതുമരാമത്ത് സൂപ്രണ്ട് തീമ്പനാൽ എൻ ഭാസ്കരൻ നായർ (75), ഭാര്യ റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ ചുറ്റികയ്ക്കു തലക്കടിച്ചു കൊലപ്പെടുത്തിയത്. തങ്കമ്മയുടെ സഹോദര പുത്രനാണ് അരുൺ. തലയ്ക്കു പിന്നിൽ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാതാണു കേസ്.
ആഴ്ചകൾക്ക് ശേഷം വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ചതിനു അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തതതോടെയാണ് കൊലപാതക കേസ് തെളിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു ക്രൂരകൃത്യം നടത്തിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു. തുടർന്ന് കേസിന്‍റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയിരുന്നു. പിന്നീട് മൂന്നു വർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.






