ചിയ സീഡിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഇതിന് ചണവിത്തുമായി ചെറിയ രൂപസാദൃശ്യമുണ്ട്. അതിനാൽ ചിലർക്കെങ്കിലും രണ്ടും തമ്മിൽ മാറി പോയിട്ടുണ്ടാവാം. തെക്കേ അമേരിക്കൻ ഉൽപന്നമാണ് ചിയ സീഡ്‌സ്. നാരുകളും പ്രോട്ടീനുകളും പല തരം വൈറ്റമിനുകളും ഉൾപ്പെട്ടിട്ടുള്ള ഭക്ഷണ പദാർത്ഥം. ഇത് ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കഴിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് വളരെ അധികം ഉപകാരപ്പെടും.
ഇതിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ഗുണപ്രദമാണ്. കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ വിശപ്പ് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ചിയ വിത്തുകളിൽ ഉൾപ്പെട്ടിരിക്കുന്ന പോഷകങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കും ചൂടിനെ തോൽപ്പിക്കാനുള്ള കഴിവുണ്ട്. ധാതുക്കൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയുള്ളതിനാൽ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നതാണ് മറ്റൊരു സവിശേഷത. ചിയ വിത്തുകൾക്ക് പ്രമേഹത്തെ ചികിത്സിക്കാനും അകാല വാർദ്ധക്യം തടയാനും സെർവിക്കൽ, സ്തനാർബുദങ്ങൾ തുടങ്ങിയവയെ ചെറുത്തു തോൽപ്പിക്കാനുള്ള കഴിവുണ്ട്.
ദഹനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദവും കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കാനും ചിയ വിത്തുകൾ സഹായിക്കും. ഡിറ്റോക്സ് ചിയ വിത്ത് പാനീയം വളരെ എളുപ്പത്തിൽ ഭാരം കുറയ്ക്കുന്ന ഒരന്നാണ്. ചിയ വിത്ത് പാനീയം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. കറുപ്പും വെളുപ്പുമുള്ള ചിയ വിത്തുകൾ ലഭ്യമാണ്. ഇതിൽ ഏത് വേണമെങ്കിലും പാനീയം തയ്യാറാക്കാൻ തിരഞ്ഞെടുക്കാം. നാരങ്ങ , പുതിനയില, വെള്ളം, തേൻ, ചിയ വിത്തുകൾ എന്നിവയാണ് ആവശ്യമായ പദാർത്ഥങ്ങൾ. ചിയ വിത്തുകൾ 10 മിനിറ്റ് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. ബാക്കി ചേരുവകൾ മിക്സിയിൽ അടിച്ചെടുത്ത് മാറ്റി വെയ്ക്കണം. ഇതിലേക്ക് നന്നായി കുതിർന്ന ശേഷം വെള്ളത്തിൽ മുക്കി വച്ചിരിക്കുന്ന ചിയ വിത്തുകൾ കലർത്തുക. ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ച് തണുപ്പിച്ച് കുടിക്കാം.