കാക്കനാട് പതിനഞ്ചുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശിനി ഡിപ മാലിക്കാണ് (15) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ചക്രധാർ മാലിക്കിനെ (40) തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധന്‍ വൈകിട്ട് ആറോടെയാണ് സംഭവം.
കാക്കനാട് വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ചക്രധാർ മാലിക് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉടന്‍ പ്രദേശവാസികളെ ഇയാള്‍ വിവരമറിയിച്ചു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി മുറി സീൽ ചെയ്‌തു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഇരുവരും കാക്കനാട് ടി വി സെന്ററിനുസമീപം മസ്‌ജിദ് റോഡിലെ സ്വകാര്യ കെട്ടിടത്തിലെ ഒന്നാംനിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വ്യാഴാഴ്‌ച ആർഡിഒയുടെ സാന്നിധ്യത്തിൽ മേൽനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.