തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവർണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത് 10 ബിൽ. കഴിഞ്ഞ സഭാസമ്മേളനം പാസാക്കിയ നാലും മുൻ സമ്മേളനങ്ങൾ പാസാക്കിയ ആറും ബില്ലിലാണ് ഗവർണർ ഒപ്പിടാനുള്ളത്. കേരള പൊതുജനാരോഗ്യ ബില്ലാണ് കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകളിൽ ഒന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മനുഷ്യ–- -മൃഗ സമ്പർക്കത്തിന്റെയും ഭാഗമായി പുതിയ വൈറസുകളെയും രോഗാണുക്കളെയും പകർച്ചവ്യാധികളെയും മഹാമാരികളെയും പ്രതിരോധിക്കേണ്ടതടക്കമുള്ള കാര്യങ്ങളാണ് ഉള്ളടക്കം.

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്ത്രീകൾ, കുട്ടികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകുന്ന ബിൽ, സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായി വിദഗ്ധ പണ്ഡിതരെ നിയമിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന ബിൽ, വൈസ് ചാൻസലർ തെരഞ്ഞെടുപ്പിന് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് വ്യവസ്ഥപ്പെടുത്തൽ നിർദേശിച്ച ബില്ലുകൾ, സ്വാശ്രയ കോളേജുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള ബിൽ, ലോകായുക്ത യോഗ്യതയും നിയമനവും ലോക്പാൽ നിയമത്തിന് അനുസൃതമാക്കുന്ന കേരള ലോകായുക്ത ഭേദഗതി ബിൽ, കേരള പബ്ലിക് സർവീസ് കമീഷൻ (വഖഫ് ബോർഡിനു കീഴിലെ സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബിൽ എന്നിവയാണ് മുൻ സമ്മേളനങ്ങൾ പാസാക്കി ഗവർണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്.






