തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണയുടെ ഭർത്താവും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്‌ണകുമാറിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിത വിജയന്റെ പരാതിയിലാണ് ചൊവ്വാഴ്‌ച കേസെടുത്തത്.
മഹിളാ കോൺഗ്രസ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് കെപിസിസി ഓഫീസ് പരിസരത്തുവച്ച് കൃഷ്‌ണകുമാർ അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും സുനിത വിജയൻ മൊഴി നൽകിയിരുന്നു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതോടെ സുനിത സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. പരാതി മ്യൂസിയം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.