കൊച്ചി: വീണാ ജോർജ് അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് ഐ.എം.എ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ സുൽഫി നൂഹു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാവാം. മന്ത്രി അങ്ങനെ പറയുമെന്ന് കരുതുന്നില്ല. അവരുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാകാം. ഈ സംഭവം മന്ത്രിയെ അറിയിച്ചപ്പോൾത്തന്നെ മന്ത്രി കരയുകയായിരുന്നു.

മന്ത്രി അങ്ങനെ പറയുമെന്ന് ഒട്ടും കരുതുന്നില്ലെന്നും ഡോ സുൽഫി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മന്ത്രി വീണാ ജോർജ് പറഞ്ഞ വാക്കുകളെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചത്. കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് എക്‌സ്‌പീരിയൻസ് ഇല്ലായിരുന്നവെന്നും അതിനാൽ ആക്രമണം ഉണ്ടായപ്പോൾ തടയാനായില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

ഇതിനെതിരെ മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെപ്പോലും വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് പ്രതിപക്ഷവും മാധ്യമങ്ങളും അവരുടെ തലപ്പത്തിരിക്കുന്നവരും ഓർക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.






