തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്ലസ് റ്റൂ പരീക്ഷാ ഫലം റദ്ദാക്കിയെന്ന് പോസ്റ്റിട്ട ബി.ജെ.പി നേതാവും വാർഡ് അംഗവുമായ നിഖിൽ മനോഹർ നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി ശിവൻ കുട്ടി. ബി.ജെ.പി നേതൃത്വം ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ച് കൊടുക്കാവുന്നത് ആണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവേശനോത്സവ ദിവസം സ്കൂളുകളിൽ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഗാനത്തിന്റെ തിരുവനന്തപുരത്ത് വച്ച് നടന്ന പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. മുരുകൻ കാട്ടാക്കടയാണ് ഗാനം എഴുതിയിരിക്കുന്നത്. വിജയ് കരുൺ സംഗീതം നൽകി. ഗായിക മഞ്ജരി ആലപിച്ചു.
ജൂൺ ഒന്നിന് കേരളത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. കൂടാതെ സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പരിശോധന നടത്തും. ലഹരി വസ്തുക്കൾ പിടിച്ചാൽ കട പൂട്ടിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.