Timely news thodupuzha

logo

കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനം വിശദമായ പഠനങ്ങൾക്ക് ശേഷമാണ്; വി മുരളീധരൻ

ന്യൂഡൽഹി: വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന സർക്കാരിന്റെ ധൂർത്ത് കേന്ദ്ര സർക്കാരിന് അനുവദിക്കാനാകില്ലാത്തതു കൊണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിശദമായ പഠനങ്ങൾക്ക് ശേഷമാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി, കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിക്കുന്നവർ വിലയിരുത്തണമെന്നും പറഞ്ഞു.

ഓരോ സാമ്പത്തിക വർഷത്തിന്റേയും തുടക്കത്തിൽ സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി കേന്ദ്ര സർക്കാരാണ് നിശ്ചയിച്ച് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് 32440 കോടി രൂപ പരിധിയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ച് നൽകിയത്. അതേസമയം 15390 കോടി രൂപയ്ക്ക് മാത്രമാണ് വായ്പ എടുക്കാൻ അനുമതി നൽകിയത്.

കഴിഞ്ഞ വർഷം ഇത് 23000 കോടി രൂപയായിരുന്നു. ആ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് വായ്പാ പരിധിയിൽ ഉണ്ടായിരിക്കുന്നത്. വായ്പാ പരിധിയിലുള്ള കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ്.

സംസ്ഥാന സർക്കാർ നേരത്തേ തന്നെ 2023 ഡിസംബർ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാൽ ഈ വർഷം ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾ നിലവിൽ തന്നെ ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഇത് വലിയ തിരിച്ചടിയാണ്.

വായ്പാ പരിധിയിൽ പകുതിയോളമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലാകുമെന്നാണ് കരുതുന്നത്.

Leave a Comment

Your email address will not be published. Required fields are marked *