പുനലൂർ: എഴുകോൺ സ്‌റ്റേഷനടുത്ത് യുവാവ് മദ്യപിച്ച ശേഷം റെയിൽവെട്രാക്കിൽ കിടന്നുറങ്ങി. ലോക്കോ പൈലറ്റ് കണ്ടതിനാലാണ് ട്രെയിൻ കയറിയിറങ്ങാതെ ഇയാൾ രക്ഷപ്പെട്ടത്.
അച്ചൻകോവിൽ ചെമ്ബനരുവി സ്വദേശിയായ 39കാരനായ റെജിയാണ് മദ്യപാനം കഴിഞ്ഞ് റെയിൽവേട്രാക്കിൽ കിടന്നുറങ്ങിയത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ട്രാക്കിലൂടെയെത്തിയ കൊല്ലം-പുനലൂർ മെമുവിലെ ലോക്കോ പൈലറ്റ് യുവാവിനെ കാണുകയും ട്രെയിൻ നിർത്തി മറ്റ് ലോക്കോ പൈലറ്റും ഏതാനും യാത്രക്കാരും ചേർന്ന് ഇയാളെ ട്രാക്കിൽ നിന്ന് നീക്കി നിർത്തുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു.
എഴുകോൺ പൊലീസ് സ്ഥലത്തെത്തി കസ്‌റ്റഡിയിലെടുത്തു. ശനിയാഴ്‌ചയായിരുന്നു സംഭവം നടന്നത്. കല്ലുംപുറം ഭാഗത്ത് മരച്ചില്ല ട്രാക്കിന് കുറുകെ വീണതിനെ തുടർന്ന്, മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ ട്രെയിൻ സാവകാശം വന്നതു കൊണ്ടാണ് ലോക്കോ പൈലറ്റ് യുവാവിനെ ട്രാക്കിൽ കണ്ടത്. സംഭവത്തെ തുടർന്ന് 10 മിനുട്ടോളം വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.






