ന്യൂഡൽഹി: ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻദുരന്തത്തിനു പിന്നാലെ സുരക്ഷാ വിഭാഗത്തിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന നിർദേശവുമായി റെയിൽവേ ബോർഡ്. ഈ വിഭാഗത്തിൽ ഉയർന്ന തസ്‌തികകളിലെ വിവിധ സോണുകളിലായി നിരവധി ഒഴിവുകളാണുള്ളത്.
കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക് കത്തയച്ചിരുന്നു. റെയിൽവേ ബോർഡ് ഇതുവരെ ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളിൽ നിയമനം നടത്തണമെന്ന ആവശ്യത്തിന് വില കൊടുത്തിരുന്നില്ല. സോണൽ തലത്തിൽ ഒഴിവുകൾ തിട്ടപ്പെടുത്തണം, നിയമനത്തിന് സമയപ്പട്ടിക തയ്യാറാക്കണം, പ്രൊമോഷൻ വഴിയുള്ള നിയമനം ഉടൻ നടത്തണം തുടങ്ങിയ കാര്യങ്ങളാണ് റെയിൽവേ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത്.

3.14 ലക്ഷം തസ്‌തിക റെയിൽവേയിൽ മൊത്തം ഒഴിഞ്ഞു കിടക്കുന്നതായി കഴിഞ്ഞ ഡിസംബറിൽ മന്ത്രി പാർലമെന്റിൽ മറുപടി നൽകിയിരുന്നു. റെയിൽവേയിൽ തസ്‌തികകൾ ഒഴിച്ചിട്ടിരിക്കുന്നത് കേന്ദ്രത്തിന്റെ നിയമനനിരോധന നയത്തിന്റെ ഭാഗമായാണ്.






