Timely news thodupuzha

logo

രാജ്യത്തെ ഒന്നായി കാണേണ്ട കേന്ദ്രസർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ നോക്കുന്നത്‌; ബൃന്ദ കാരാട്ട്‌

മലപ്പുറം: രാജ്യത്തെ ശിഥിലീകരിക്കുന്നതിനെതിരെയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുമുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ(എം) പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. വർഗീയ–കോർപറേറ്റ്‌ ശക്തികൾ യോജിച്ച്‌ ഇന്ത്യയുടെ ജനാധിപത്യത്തെ ആക്രമിക്കുകയാണ്. മതനിരപേക്ഷതയുടെ ഹൃദയം സ്വേച്ഛാധിപത്യ മാർഗങ്ങളിലൂടെ തകർക്കാനാണ്‌ നീക്കമെന്നും ബൃന്ദ തുറന്നടിച്ചു.

ഇ.എം.എസിന്റെ ലോകം – ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൃന്ദ. ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ രാജ്യത്തെ ഒന്നായി കാണേണ്ട കേന്ദ്രസർക്കാർ നോക്കുന്നത്‌. നമ്മുടെ ആകാശത്തിന്റെ അതിർത്തി ഭരണഘടനയാണ്‌. എന്നാൽ ഭരണഘടനയിൽ അധിഷ്‌ഠിതമായ മൂല്യങ്ങളെ തള്ളിക്കളയുകയാണ്‌ ബി.ജെ.പി. രാഷ്‌ട്രീയത്തിൽ മതം ഇടപെടരുത്‌. എന്നാൽ മതമേത്‌, രാഷ്‌ട്രീയമേതെന്ന്‌ തിരിച്ചറിയാനാകാത്ത സാഹചര്യമാണ്‌ കേന്ദ്രം സൃഷ്‌ടിക്കുന്നത്‌.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുണ്ടാക്കിയ നിയമങ്ങൾ മാറ്റി കരിനിയമങ്ങൾ നടപ്പാക്കുകയാണ്‌. യു.പിയിൽ അടുത്തിടെയാണ്‌ 600 മുസ്ലിം യുവാക്കളെ അറസ്‌റ്റു ചെയ്‌തത്‌. അവർ ചെയ്‌ത തെറ്റെന്തെന്ന്‌ ഇനിയും വ്യക്തമല്ല. ആർ.എസ്‌.എസ്‌ തലവനായ മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ ചരിത്രം മാറ്റിയെഴുതുകയാണ്‌.

ഹിന്ദുക്കൾക്ക്‌ അഭിമാനപൂർവം ജീവിക്കാനായിരുന്ന ഒരു നാട്‌ ആയിരം വർഷം മുമ്പ്‌ ഇവിടെ ഉണ്ടായിരുന്നു എന്നാണ്‌ അദ്ദേഹം പറയുന്നത്‌. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്‌ ഇതിനെതിരെ പ്രതികരിക്കേണ്ടതാണ്. എന്നാൽ പലകാര്യത്തിലും ബി.ജെ.പിയെ അനുകരിക്കുകയാണ്‌ ചെയ്യുന്നതെന്നും ബൃന്ദ കാരാട്ട്‌ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *