Timely news thodupuzha

ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ്

കോഴിക്കോട്: മലബാറിന്റെ രുചിപ്പെരുമ ലോകമാകെ പരക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ്. ഇവിടുത്തെ ബിരിയാണിയാണ് രുചിപ്പട്ടികയിലെ ഐകോണിക് ഡിഷ്. ക്രൊയേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേസ്റ്റ് അറ്റ്‌ലസ് ആണ് സർവേ സംഘടിപ്പിച്ചത്.

ഇന്ത്യയിൽനിന്ന് നാല് റസ്റ്ററന്റുകൾകൂടി ഇടംപിടിച്ചിട്ടുണ്ട്. വിയന്നയിലെ ഫി​ഗ്മുള്ളർ ആണ് പട്ടികയിൽ ഒന്നാമത്. ലോകത്തെ വിവിധ ഫുഡ് വ്ലോ​ഗർമാരുടെയും ടേസ്റ്റ് അറ്റ്‌ലസിന്റെ 30 പേരടങ്ങിയ ​ഗവേഷണ വിഭാ​ഗവും ചേർന്ന് തയ്യാറാക്കിയ പട്ടിക, വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. പാര​ഗണിന്റെ ചെറുചരിത്രവും ബിരിയാണിയുടെ പ്രത്യേകതകളും പട്ടികയ്ക്കൊപ്പമുള്ള കുറിപ്പിൽ ടേസ്റ്റ് അറ്റ്‌ലസ് പങ്കുവയ്ക്കുന്നുണ്ട്.

1939ൽ പാര​ഗൺ ബേക്കിങ് കമ്പനി ആയിട്ടായിരുന്നു തുടക്കം. പാര​ഗൺ, സൽക്കാര, എം ​ഗ്രിൽ, ബ്രൗൺടൗൺ കഫെ തുടങ്ങിയ ബ്രാൻഡുകളായി വികസിച്ചു. കേരളം, ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലായി 25ഓളം ശാഖകളുണ്ട്. കൂട്ടായ്മയുടെ ഫലമായിട്ടാണ് ഇത്തരം നേട്ടങ്ങൾ തേടിയെത്തുന്നത്.

കോഴിക്കോടിന്റെയും മലബാർ രുചിയുടെയും സംഭാവന ഈയവസരത്തിൽ എടുത്തുപറയണമെന്ന് പാര​ഗൺ ​ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുമേഷ് ​ഗോവിന്ദ് പറഞ്ഞു. അന്താരാഷ്ട്ര ട്രാവൽ മാ​ഗസിൻ കോൺഡേ നാസ്റ്റ് 2017ൽ തയ്യാറാക്കിയ ഇന്ത്യയിലെ മികച്ച റസ്റ്ററന്റുകളുടെ പട്ടികയിലും പാര​ഗൺ ഉൾ‌പ്പെട്ടിരുന്നു. ടൈംസ് നൗ, അമേരിക്കൻ മാസിക ടൈം ഔട്ട് എന്നിവയുടെ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *