തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായി സി.പി.ഐ(എം) കോഴിക്കോട് സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറിൽ വർഗീയ വാദികളൊഴിച്ച് ആർക്കും പങ്കെടുക്കാമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർ.എസ്.എസ് – ബി.ജെ.പി അജണ്ടയ്ക്ക് എതിരാണ് സെമിനാറെന്നും ദേശീയ പ്രാധാന്യമുണ്ടെന്നും സെമിനാറിൽ സി.പി.ഐ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് കേന്ദ്ര സർക്കാരിന്റെ ആസൂത്രിത അജണ്ടയാണ്. ഇതിനെതിരായ പ്രതിഷേധം സെമിനാറിൽ ഒതുങ്ങില്ല. ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഫാസിസത്തിനെതിരായി ഒന്നും ചെയ്തില്ലെന്നും സെമിനാറിൽ ക്ഷണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശനിയാഴ്‌ച കോഴിക്കോട് നടത്തുന്ന സെമിനാർ സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് ഉദ്ഘാടനം ചെയ്യുന്നത്.
വിവിധ സാമൂഹ്യവിഭാഗങ്ങളുടെയും സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.






