
തിരുവല്ല: പരുമല ആശുപത്രിയിൽ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് നടപടി.
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരിയില കുളങ്ങര സ്വദേശി സ്നേഹയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ പുല്ലു കുളങ്ങര സ്വദേശി അനുഷ സിറിഞ്ചിലൂടെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു അനുഷയുടെ ലക്ഷ്യം.





